വിസ്മയ, ഷഹന എന്നിങ്ങനെ പേരുകള്‍ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല; കൃഷ്ണ പ്രഭ….

ഷഹനയുടെ മരണ വാർത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. ഇതിനോട് സമാനമായ ഒരുപാട് സംഭവങ്ങൾ കേരളക്കരയിൽ ഈ അടുത്ത കാലത്ത് പുറത്തു വന്നിട്ടുണ്ട്. സ്ത്രീധന മരണങ്ങളും ഭർതൃവീട്ടിലെ ആക്രമണം എല്ലാം കേരളത്തിൽ ഒരുപാട് തരംഗം സൃഷ്ടിച്ച വാർത്താ പ്രാധാന്യമുള്ള സംഭവങ്ങളായി പുറത്തു വരാറുണ്ട്.

ആ സമയത്തെല്ലാം ഒരുപാട് പ്രമുഖർ പോലും അത്തരത്തിലുള്ള സംഭവങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തലുകളും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ ആയും പോസ്റ്റുകൾ ആയും അറിയിക്കാറുണ്ട്. ഒരുപാട് ദിവസങ്ങൾ ആ വാർത്ത നിറഞ്ഞുനിൽക്കും എങ്കിലും വീണ്ടും അതേ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നത് സങ്കടകരം തന്നെയാണ്.

ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നെഴുതി രംഗത്ത് വന്നിരിക്കുകയാണ് നടി കൃഷ്ണ പ്രഭ. സ്ത്രീധന മരണത്തിലെ പേരുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ലല്ലോ എന്ന് ഒരു സങ്കടകരമായ വാസ്തവങ്ങളാണ് താരം തന്നെ കുറിപ്പിലൂടെ പങ്കുവെച്ചിട്ടുള്ളത്.

കുറിപ്പ് വായിക്കാം:ഷഹനയ്ക്ക് ആദരാഞ്ജലികൾ അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്!

അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.

പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് “പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..”, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്!

വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!