അയ്യപ്പ ഭക്തരും ഭക്തിയും അവരുടെ വരവും ഇല്ലെങ്കിൽ ദേവസ്വം ബോർഡില്ല- അഞ്ജു പാർവതി പ്രഭീഷ്

ശബരിമലയിലേക്ക് ഓരോ ദിവസവും ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് തീർഥാടനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. അത്രത്തോളം തിരക്ക് ഇപ്പോൾ ശബരിമലയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിൽ തിരക്കുകൾ ഉള്ളത് കൊണ്ട് തന്നെ സർക്കാർ തീർത്ഥാടകരുടെ സംരക്ഷണത്തിനോ മറ്റോ മതിയായ സൗകര്യങ്ങൾ ഒന്നും ഒരുക്കുന്നില്ല എന്ന് വിമർശനങ്ങളും കർശനമായി തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും വാർത്താമാധ്യമങ്ങളിലും ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആയ അഞ്ചു പാർവതി പ്രഭീഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വളരെ കർശനമായ ഒരു വിമർശന സ്വരമാണ് ഉയർത്തിയിട്ടുള്ളത്. സർക്കാരിന്റെ തുറന്ന പുസ്തകം പോലെയുള്ള കൊള്ളരുതായ്മകളെ കുറിച്ച് തന്നെയാണ് അവർ കുറിപ്പിൽ എഴുതിയിട്ടുള്ളത്. എല്ലാവർക്കും കണക്ട് ആയതു കൊണ്ടു തന്നെയാണ് പോസ്റ്റ് വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

കുറിപ്പിന്റെ പൂർണ രൂപം: പരിഭവങ്ങളും പരാതികളും ഒന്നുമില്ലാതെ ഈ കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയുടെ തൃപ്പാദത്തിൽ ലയിച്ചു. പക്ഷേ ഈ കുഞ്ഞ് ഭൗതികശരീരം വച്ച് കേരളത്തിലെ പ്രബുദ്ധർ പതിവ് പോലെ ചേരി തിരിഞ്ഞ് ലേലം വിളി തുടങ്ങിയിട്ടുണ്ട്. അത് എന്നും അങ്ങനെ തന്നെയാണല്ലോ.!! ഒരു വശത്ത് രോഗമുള്ള കുഞ്ഞിനെ മല ചവിട്ടിച്ച അച്ഛന്റെ ബുദ്ധിശൂന്യതയെ കുറിച്ചും വീട്ടുകാരുടെ ഭക്തി കൊണ്ട് ഒരു ജീവൻ നഷ്ടപ്പെട്ടുവെന്ന പഴി പറച്ചിലും അയ്യപ്പ സ്വാമിക്ക് ശക്തി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നുവോ എന്ന കൊനഷ്ട് ചോദ്യങ്ങളുമായി ഒരു കൂട്ടർ. ഇപ്പുറത്ത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ച കൊണ്ട്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ ഭക്തരോട് കാട്ടുന്ന അലംഭാവം കൊണ്ട് ഈ കുഞ്ഞിന് ജീവൻ നഷ്ടമായി എന്ന വാദവുമായി മറ്റൊരു കൂട്ടർ. എന്തായാലും ഒരു കാര്യം ഉറപ്പാണ്- അഭൂതപൂർവ്വമായ തിരക്കിൽപ്പെട്ട് ഏകദേശം പത്ത് മണിക്കൂറോളം ക്യൂവിൽ നിന്ന് തളർന്ന് വീണാണ് ഈ മോൾ മരണപ്പെട്ടത്. കുഞ്ഞിന്റെ രോഗാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല ശബരിമലയിലെ സംവിധാനങ്ങൾ എന്നത് ആർക്കും നിഷേധിക്കുവാൻ കഴിയാത്ത സത്യം. അയ്യപ്പസ്വാമിയിൽ വിശ്വാസം അർപ്പിച്ചു കറുപ്പുടുത്തു, വ്രതം നോറ്റ് വന്ന പൊന്ന് മോൾക്ക് അയ്യൻ വാണരുളുന്ന ശബരിമല എന്ന സ്ഥലത്തെ അധികാരം കയ്യാളുന്നവരിലും അവർ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളിലും വിശ്വാസം ഉണ്ടായിരുന്നു കാണും. പക്ഷേ ശരണപാതയിൽ ജീവൻ സമർപ്പിച്ച് പാതിവഴിയിൽ മാല ഊരി,
വെള്ള പുതച്ച് മടങ്ങേണ്ടി വന്ന ഗതികേടിന് അവളുടെ രോഗത്തെ പോലെ തന്നെ ഇവിടുത്തെ പാളിയ ക്രമീകരണങ്ങളും കാരണങ്ങളായി തീർന്നു.

മാലയിട്ട്, കറുപ്പുടുത്ത്, ചെരിപ്പുപോലും ഇടാതെ, വൃതശുദ്ധിയോടെ .ദിവസങ്ങളുടെ വൃതമെടുത്ത് ശരീരത്തിലും മനസ്സിലും അയ്യപ്പസ്വാമിയെ ആവാഹിച്ച് വരുന്ന ഭക്തരാണ് നമ്മുടെ അയൽസംസ്ഥാനത്ത് നിന്ന് വരുന്നവർ. അല്ലാതെ കേരളത്തിലേത് പോലെ ഭക്തിയിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് പൊതിഞ്ഞെടുത്ത് ഒരു ഹിൽ സ്റ്റേഷനിൽ പോകുന്ന ലാഘവത്തോടെ മല ചവിട്ടുന്ന ചിലരെ പോലെയല്ല. ഇത്രമേൽ ത്യാഗങ്ങളെല്ലാമെടുത്ത് അവർ അയ്യനെ ഒരു നോക്ക് കാണാൻ തിരുനടയിൽ എത്തുമ്പോൾ ഈ രീതിയിൽ മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്ന മനുഷ്യരെ കാണുമ്പോൾ അവർ ചിന്തിക്കുന്നുണ്ടാകും ഇവിടെ ഭഗവാന് കാവലിന് മഹിഷിമാരെയാണോ നിറുത്തിയിരിക്കുന്നത് എന്ന് . ശരിയാണ് , ഇവിടെ ദേവസ്വം എന്ന വകുപ്പ് മഹിഷിയെ പോലെ നിരന്ന് നിന്ന് ധാർഷ്ട്യത്തിൻ്റെ കൊമ്പു കുലുക്കി ഭക്തരെ കുത്തിയോടിക്കുകയാണ്. Crowd management ൻ്റെ ബാലപാഠമറിയാത്ത, പാർട്ടി ക്ലാസ്സിൽ ഇരുന്നതിൻ്റെ പരിചയം കൊണ്ടുമാത്രം ജോലി തരപ്പെടുത്തിയെടുത്ത
പ്രത്യയശാസ്ത്ര അടിമകളെ കൊണ്ട് നിറുത്തി തങ്ങളുടെ മുഷ്ക് കാട്ടേണ്ട ഒന്നല്ല സന്നിധാനം. ഭക്തരും ഭക്തിയും അവരുടെ വരവും ഇല്ലെങ്കിൽ ദേവസ്വം ബോർഡില്ല. അത് വഴി കിട്ടുന്ന വരുമാനവും ഇല്ല.

ജീവനക്കാർക്ക് മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യാൻ പോലും കഴിയാതെ പ്രതിസന്ധിയിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വന്ന വഴി മറക്കരുത്. ശബരിമല ഉള്ളത് കൊണ്ടുമാത്രം നില നിന്നു പോകുന്ന ഖജനാവാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും. അത് മറക്കരുത്. ഓരോ സീസണിലും അയ്യപ്പഭക്തരുടെ ഭക്തിയും വിശ്വാസവും ഒന്ന് കൊണ്ട് മാത്രം നമ്മുടെ സമ്പദ്ഘടനയിൽ വരുന്ന മാറ്റം വളരെ വലുതാണ്. കറുത്ത മുണ്ട്, കാവി മുണ്ട് , മാളികപ്പുറങ്ങളുടെ വസ്ത്രങ്ങൾ, ഇരുമുടl സഞ്ചി തുടങ്ങി വസ്ത്ര വിപണിയിൽ വരുന്ന കോടികൾ, അത് വഴി സർക്കാരിനു ലഭിക്കുന്ന നികുതി, നെയ്യും പൂജാ സാധനങ്ങളും വിറ്റഴിക്കുന്ന വഴി ലഭിക്കുന്ന കോടികൾ, കേരളത്തിൽ കയറുന്നതും ,കേരളത്തിൽ ഓടുന്നതുമായ വാഹനങ്ങളുടെ ടാക്സ് ,ഡീസൽ പെട്രോൾ വഴിയുളള വരുമാനം, ,KSRTC ക്ക് ശബരിമല സീസൺ വഴി ലഭിക്കുന്ന കോടികൾ , നാളികേര വിപണി വഴി എത്തുന്ന കോടികൾ, പച്ചക്കറി വിപണി, പൂക്കൾ വിപണി, ഹോട്ടൽ മേഖലയിൽ ലഭിക്കുന്ന കോടികൾ . ഇതെല്ലാം എവിടേയ്ക്കാണ് പോകുന്നത്? ഇതൊക്കെ എടുത്താണ് രാജാവും പരിവാരങ്ങളും കോടികൾ തുലച്ചു കറങ്ങി നടക്കുന്നത്.

അതായത് കേരളത്തിൽ അയ്യപ്പ ഭക്തരുടെ ഭക്തിയിൽ നിന്നും ഉണ്ടാവുന്നത് ആയിരകണക്കിന് കോടിയാണ്. ശബരിമല സീസൺ വരുമ്പോൾ വരുമാനം ഇരട്ടിയായി ലഭിക്കുന്ന മറ്റനേകം ക്ഷേത്രങ്ങളുണ്ട്. മകരവിളക്ക് തത്സമയം ടെലികാസ്റ്റ് ചെയ്യുന്നതിലൂടെ ചാനലുകൾ നേടിയെടുക്കുന്ന കോടികൾ വേറെയും. ഈ കാര്യങ്ങൾ ഒക്കെ കൂടി ചർച്ചയ്ക്ക് എടുത്തു വേണം ഈ സിസ്റ്റം ഇവിടെ എത്തുന്ന ഭക്തരോട് പെരുമാറുന്ന ധാർഷ്ട്യത്തെ ചോദ്യം ചെയ്യുവാൻ .!! ശബരിമല എന്ന മഹാ ക്ഷേത്രവും അവിടെ ഓരോ കൊല്ലവും വരുന്ന ഭക്തലക്ഷങ്ങളും ഇല്ലെങ്കിൽ കേരള സമ്പദ്ഘടനയുടെ ഗ്രാഫ് പാവയ്ക്ക പോലെ താഴോട്ട് എന്ന വസ്തുത മനസ്സിലാക്കിയിട്ട് വേണം ക്യാപ്‌സ്യൂൾ തീനികൾ അയ്യപ്പന് ശക്തിയുണ്ടോ ഭക്തർക്ക് വിവരം ഉണ്ടോ എന്നൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ.

ഒന്ന് മാത്രം പറയുന്നു. ഇവിടുത്തെ സർക്കാർ സംവിധാനം ശബരിമലയിലെ ഭക്തർക്ക് ഉപദ്രവം മാത്രമേ ഉണ്ടാക്കാൻ മുതിരുന്നുള്ളൂ എപ്പോഴും. ദേവസ്വം ബോർഡെന്ന വെള്ളാനയും സർക്കാരും എന്ത്‌ അടിസ്ഥാന സൗകര്യമാണ് ഭക്തർക്ക് ഒരുക്കിയിട്ടുള്ളത്? പതിനെട്ടു മണിക്കൂർ വരെ വെള്ളം പോലും കിട്ടാതെ ഭക്തർക്ക് അവശരായി നില്ക്കേണ്ടി വരുന്ന നീണ്ട ക്യൂ അല്ലാതെ മറ്റെന്ത്? ശബരിമലയിലെ വരുമാനം അപ്പാടെ വിഴുങ്ങുന്ന ഭരണ സംവിധാനം അവിടെ എത്തുന്ന ഭക്തർക്ക് വേണ്ടുന്ന സംവിധാനം ഒരുക്കുന്നില്ല എന്ന് കാണുമ്പോൾ തീർച്ചയായും വിമർശനം ഉണ്ടാവും. അതിനെ പ്രതിരോധിക്കാൻ ഭക്തരുടെ ഭക്തിയെ കളിയാക്കിയത് കൊണ്ടോ അയ്യപ്പന് കുട്ടിയെ രക്ഷിക്കാൻ മേലായിരുന്നോ എന്ന ചോദ്യം ചോദിച്ചു മെഴുകിയിട്ടോ കാര്യമില്ല.

ചിലർ ഭക്തിയെ യുക്തിയുടെ അളവുകോൽ വച്ച് അളക്കുമ്പോൾ യുക്തിക്ക് അല്ലെങ്കിൽ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്കും. അങ്ങനെയുള്ളവർ മണ്ഡലകാലത്ത് രോഗമുള്ള കുട്ടികളുമായി അല്ലെങ്കിൽ കൊച്ചു കുഞ്ഞുങ്ങളുമായി മല ചവിട്ടുന്നതിന്റെ റിസ്ക് ഫാക്ടർ ഒക്കെ വിലയിരുത്തും. അങ്ങനെ വരുമ്പോൾ തിരക്കില്ലാത്ത മറ്റേതെങ്കിലും സമയത്ത് കുട്ടിയെ കൊണ്ട് വന്ന് ദർശനം നേടാം എന്ന് കരുതും. അല്ലെങ്കിൽ ഇക്കാര്യത്തിൽ ഡോക്ടറുടെ അഭിപ്രായം ചോദിച്ചു മനസ്സിലാക്കി തീരുമാനം എടുക്കും. ഇനി ഭക്തിയെ ഭക്തി കൊണ്ട് മാത്രം അളക്കുന്ന പരമവിശ്വാസിയായ ഒരാൾ ആണെങ്കിൽ ഏത് കഠിന പരീക്ഷയെയും തരണം ചെയ്യാൻ ഈശ്വരൻ കൂടെ ഉണ്ടെന്ന് കരുതും. ഏത് കഠിന രോഗതാപങ്ങളേയും ഭഗവാൻ അലിയിച്ചു കളയും എന്ന് കഠിനമായി വിശ്വസിക്കും. അചഞ്ചലമായ ഭക്തി അവരെ കൊണ്ട് അങ്ങനെ തോന്നിപ്പിക്കും. ഓം സർവ്വവ്യാധിപ്രശമന്യൈ നമഃ ഓം സർവ്വമൃത്യുനിവാരിണ്യൈ നമഃ എന്ന ജപത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഭഗവാനെ കാണുവാൻ പുറപ്പെടും. അങ്ങനെ ഒരാൾ ആവാം ഈ പത്മശ്രീയുടെ അച്ഛനും.!! ഓരോ മനുഷ്യനും ഓരോ യുക്തി ഓരോ ഭക്തി. അതിൽ അഭിപ്രായം പറയാൻ നമ്മൾ ആര്??