
ലോകത്ത് വളരെ ശ്രദ്ധിക്കപ്പെടുന്ന മത്സരങ്ങളാണ് സൗന്ദര്യ മത്സരങ്ങൾ. മിസ് വേൾഡ് മിസ് യൂണിവേഴ്സ് തുടങ്ങി ഒരുപാട് സൗന്ദര്യ മത്സരങ്ങൾ ഉണ്ട്. അത് പോലെ കേരളക്കര ഒന്നാകെ കാത്തിരിക്കുന്നതും ശ്രദ്ധിക്കുന്നതുമായ മത്സരമാണ് മിസ് കേരള. പുതുവത്സരത്തോട് അനുബന്ധിച്ചു നടക്കുന്ന ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവസാനഘട്ട ലിസ്റ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഫൈനൽ റൗണ്ടിൽ ഇടംപിടിച്ച പെണ്കുട്ടികളുടെ പേരുകളും വിവരങ്ങളും മറ്റും സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളും വളരെ ആരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഫൈനൽ റൗണ്ടിൽ അട്ടപ്പാടികാരി അനു പ്രശോഭിനിയും ഉണ്ട് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത.
ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ സ്വകാര്യ റിസോർട്ട് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്നത്. ഗോത്ര വർഗത്തിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു സൗന്ദര്യ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഉൾപ്പെട്ടത് അനുവിന്റെ വലിയ നേട്ടം തന്നെയാണ്.

പാലക്കാട് ഗവ. മോയൻ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ് അനു പ്രശോഭിനി. ചെറുപ്രായം മുതൽ കലാ രംഗത്ത് സജീവമാണ്. പ്രിയനന്ദൻ സംവിധാനം ചെയ്ത പൂർണമായും ആദിവാസി വിഭാഗക്കാർ മാത്രം അഭിനയിച്ച ‘ദബാരിക്കുരുവികൾ’ എന്ന സിനിമയിൽ പ്രധാന വേഷം അനുപ്രശോഭിനി ചെയ്തു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.
അട്ടപ്പാടിയുടെ സത്യമായ ജീവിതങ്ങളും അനുഭവങ്ങളും പുറം ലോകത്തിനു പരിചയപ്പെടുത്തുന്ന ‘അട്ടപ്പാടിക്കാരി’ യൂട്യൂബ് ചാനൽ ഈ അനുവിന്റെതാണ്. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ്.

വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആദിത്യനാണ് അനു വിന്റെ സഹോദരൻ. പാലക്കാട് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അനു പ്രശോഭിനി ഇപ്പോൾ മിസ് കേരള മത്സരത്തിന്റെ അവസാന റൗണ്ടിലേക്കുള്ള തിരക്കിട്ട തയാറെടുപ്പിലാണ്. ഫാഷൻ ലോകത്തെ പുത്തൻ ട്രെന്റുകൾ അറിഞ്ഞു വേഷങ്ങൾ അണിയാനും ക്യാറ്റ് വാക്ക് ചെയ്യാനുമൊക്കെ ഓൺലൈനായും അല്ലാതെയും ഇപ്പോൾ അനു പരിശീലിച്ചു വരുന്നു.

സുന്ദരിപ്പട്ടം കിട്ടുമോ എന്നത് രണ്ടാമത്തെ കാര്യം എന്നും മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാന എന്നും ആണ് അനുവിന്റെ വാക്കുകൾ. ഇതിൽ നിന്നു ലഭിക്കുന്ന പരിചയ സമ്പത്തും ആത്മ വിശ്വാസവും എനിക്കും എന്നെപ്പോലെ അട്ടപ്പാടിയിലെ മറ്റു കുട്ടികൾക്കും പ്രചോദനമാകും എന്നും അനു പ്രശോഭിനി പറയുന്നുണ്ട്. എന്തായാലും മത്സരത്തിലെ അവസാന റിസൾട്ടിനു വേണ്ടി കേരളമൊന്നാകെ കാത്തിരിപ്പിലാണ്.

Leave a Reply