ജയ് ഭീം..രാജ്യത്തിനെ നാണം കെടുത്താനായി ഇറക്കിയ സിനിമ : യുവാവിനെ റിവ്യൂ വൈറലാകുന്നു….

ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ജയ് ഭീം. പ്രശസ്ത തമിഴ് നടൻ സൂര്യ വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മലയാളത്തിന്റെ പ്രിയ താരം ലിജോമോൾ ജോസ് ജീവിച്ച് അഭിനയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ യഥാർത്ഥ സംഭവങ്ങൾ വളരെ കൃത്യമായി കൊണ്ടുവന്ന് ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാക്കി മാറുകയായിരുന്നു ഈ സിനിമ.

പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സിനിമയെ സ്വീകരിച്ചു. എല്ലാ മേഖലകളിലും സിനിമ മികച്ചുനിന്നു എന്ന് വേണം പറയാൻ. യഥാർത്ഥ സംഭവത്തെ സ്ക്രീനിൽ ഇത്രയും കൃത്യമായി കൊണ്ടു വന്നതിനെത്തുടർന്ന് പലർക്കും ഈ സിനിമാ ചൊറിച്ചിൽ ഉണ്ടാക്കി എന്നതാണ് വാസ്തവം. ചന്ദ്രു എന്ന യഥാർത്ഥ വക്കീലിന്റെ കഥയാണ് സിനിമയിൽ കൊണ്ടുവന്നത്.

ഇപ്പോൾ ഈ സിനിമയെ കുറിച്ച് ഒരു ഫേസ്ബുക്ക് റിവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
റിവ്യൂ ഇങ്ങനെയാണ്..

”’ ജയ് ഭീം ”’ രാജ്യത്തിനെ നാണം കെടുത്താൻ ഇറക്കിയ ഒരു സിനിമ നേരെ കാര്യത്തിലേക്ക് വരാം. ഇന്നലെ സൂര്യ നായകനായ ജയ് ഭീം എന്ന സിനിമ കണ്ടു. 1993 ൽ തമിഴ് നാട്ടിലെ കൂടല്ലൂർ എന്ന സ്ഥലത്ത് നടന്നു എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിന്റെ സിനിമ ആവിഷ്ക്കാരം ആണ് ജയ് ഭീം. കാലങ്ങളായി പല ഭാഷകളിൽ ഇറങ്ങുന്ന ദളിത് ആദിവാസി പീഡനം തന്നെയാണ് ഈ സിനിമയിലെയും കഥ. അടുത്ത വര്ഷം ഓസ്‌ക്കാർ എൻട്രിക് ജയ് ഭീം തിരഞ്ഞെടുത്താൽ നമ്മുടെ ജൂറി പറയാൻ പോകുന്ന കാര്യമാണ് ഞാൻ തലക്കെട്ട് ആയി കൊടുത്തത്. രാജ്യത്തിനെ നാണം കെടുത്താൻ ഇറക്കിയ ഒരു സിനിമ എന്ന് അവർ പറയും. “ഈ സിനിമ ഓസ്‌കാറിന്‌ വിട്ടാൽ രാജ്യത്തെ പോലീസ് സേനയും അവരെ നിയന്ത്രിക്കുന്ന സവർണ്ണ നേതാക്കളും കരയും. അതുകൊണ്ടു ഈ സിനിമയെ ഓസ്‌കാറിന്‌ വിടുന്നില്ല”. ഇത്ര കൃത്യമായി പറയാൻ കാരണം സർദാർ ഉദ്ധം എന്ന ലോക ക്‌ളാസിക്ക് ലെവലിൽ ഉള്ള സിനിമയെ തഴയാൻ അവർ കാരണമായി കാണിച്ചതിനേക്കാൾ പതിന്മടങ്ങ് ഭീകരമാണ് ജയ് ഭീം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. സർദാർ ഉദ്ധമിൽ ബ്രിട്ടീഷുകാർ ആണ് അടിമകളായ ഇന്ത്യക്കാരെ നിഷ്ക്കരുണം വെടിവെച്ചു കൊല്ലുന്നത്. എന്നാൽ സ്വാതന്ത്ര്യം കിട്ടി 75 വര്ഷം ആയിട്ടും ഇപ്പോഴും സ്വാതന്ത്ര്യം കിട്ടാത്ത ഒരു ജനതയുടെ കഥയാണ് ജയ് ഭീം പറയുന്നത്.

1993 ൽ ആ ക്രൂരകൃത്യം നടന്ന അതെ അവസ്ഥയിൽ തന്നെയാണ് രാജ്യത്തെ ബഹുപൂരിപക്ഷം ആദിവാസി ജനതയും എന്നത് നമ്മുടെ നാടിന്റെ അവസ്ഥ തുറന്നു കാട്ടുന്നു. നമ്മുടെ സംസ്ഥാനത്ത് ഒരു പരിധിവരെ ദളിതർക്ക് മോശം അല്ലാത്ത പരിഗണന കിട്ടുന്നുണ്ട്. വോട്ട് ബാങ്ക് ലക്‌ഷ്യം വെച്ച് രാഷ്ട്രീയക്കാർ നല്ലപോലെ ഇവരെ സോപ്പിടുന്നുമുണ്ട്. എന്നാൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ അട്ടപ്പാടി പോലുള്ള ആദിവാസി ഊരുകളിൽ ആയിരകണക്കിന് മനുഷ്യരാണ് കണ്ണുകളിൽ ഭീതിയുമായി ഓരോ രാത്രിയും കഴിച്ചു കൂട്ടുന്നത്. തമിഴ് നാട്ടിലും മറ്റും ഇങ്ങനെ നടക്കും എന്നാൽ കേരളത്തിൽ എല്ലാവരും സേഫ് ആണ് എന്ന് ചിലർ പല ഇടങ്ങളിലും പറയുന്നത് കേട്ടു. അവരുടെ അറിവിലേക്ക് ഒരു കാര്യം പറയാം. ജയഭീമിലെ രാജാക്കണ്ണിനെപ്പോലെ അന്യായമായി കൊലചെയ്യപ്പെട്ട ഒരു കുറുമ്പ യുവാവിനെ നമ്മളറിയും അട്ടപ്പാടിയിലെ മധു. വിശന്നപ്പോൾ ഒരു നേരത്തെ ആഹാരത്തിനു കുറച്ചു അരിയും മറ്റും മോഷ്ടിച്ച മധുവിനെ പുരോഗമന മലയാളി എങ്ങനെ ആണ് കൊലപ്പെടുത്തിയത് എന്ന് ചിലർക്ക് എങ്കിലും ഓർമ്മ കാണും. അന്ന് കൊലയാളികൾ തന്നെ പുറത്തു വിട്ട വീഡിയോയിൽ ദാഹിച്ചപ്പോൾ വെള്ളം ചോദിച്ച മധുവിന് അതുപോലും നല്കാൻ പുരോഗമന മലയാള സമൂഹം തയ്യറായില്ല എന്നതും നാം കണ്ടു.

ജയ് ഭീമിലെ ആ യുവാവിന് നീതി കിട്ടാൻ ചന്ദ്രു എന്ന കഥാപാത്രം രംഗത് വരുന്നു. എന്നാൽ മധുവിന്റെ കാര്യത്തിൽ ഏറെ വിവാദമുണ്ടാക്കിയ കേസാണെങ്കിലും ആ കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പി.ഗോപിനാഥിനെ ഒഴിവാക്കുകയാണ് നമ്മുടെ സർക്കാർ ആദ്യം ചെയ്തത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കേസിന്റെ ആവശ്യത്തിനായി ഒരു ഓഫീസും ഡിവൈ എസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ സഹായവും ഒക്കെ ചോദിച്ചു എന്നതാണ് ഇതിനു കാരണമായി അന്ന് പറഞ്ഞുകേട്ടത്. ഈ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യമില്ല, പകരം മണ്ണാർക്കാട് SC/ ST കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാവുന്ന വക്കീൽ ഈ കേസിലും ഹാജരായാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ഈ കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല, പ്രതികളെല്ലാം നേരത്തെ തന്നെ ജാമ്യമെടുത്ത് വെളിയിലിറങ്ങി. കുറച്ചു നാൾ മുൻപ് അതിലെ മൂന്നാം പ്രതി ഷംസുദീനെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഒരു സംഭവമുണ്ടായി, എന്തായാലും പാർട്ടിക്കുളളിൽ ശക്തമായ എതിർപ്പ് ഉണ്ടായതുകൊണ്ട് ആ തീരുമാനം പിന്നീട് വേണ്ടെന്നു വച്ചു. ജയ് ഭീമിൽ ഒരു ആദിവാസി യുവാവിന് ഏർപ്പെട്ട ക്രൂരത കണ്ടു ഞെട്ടിയ മലയാളികൾ മൂക്കിന് താഴെ ഇങ്ങനെ ഒരു ദ്രോഹം നടക്കുന്നത് കണ്ടിട്ടും വാ തുറക്കുന്നില്ല എന്നത് കയ്യടി അർഹിക്കുന്നു.

അതുപോലെ സിനിമയിലെ മൂന്നാം മുറ പ്രയോഗങ്ങൾ കണ്ടിട്ടും എനിക്ക് ഒരു ഞെട്ടലും തോന്നിയില്ല. വളരെ ചെറിയ രീതിയിലാണ് ആ സിനിമയിൽ ലോക്കപ്പ് മർദ്ദനം കാണിച്ചിരിക്കുന്നത് എന്നെ ഞാൻ പറയു. ആ സീനൊക്കെ കണ്ടിട്ട് ഉറങ്ങാൻ പറ്റില്ല എന്ന് ആരക്കയോ റിവ്യൂസ് ഇട്ടിരിക്കുന്നത് കണ്ടു. അത് കണ്ടു ചിരിയാണ് വന്നത്. അതിലും ഭീകരമായ പോലീസ് മർദ്ദന മുറകൾ ഇപ്പോഴും നമ്മുടെ കുഞ്ഞു കേരളത്തിലെ കുടുസ് ജയിൽ മുറികളിൽ അരങ്ങേറുന്നു എന്ന സത്യം അറിയാവുന്നത് കൊണ്ടാകാം എനിക്ക് ഞെട്ടാൻ തോന്നാത്തത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് എടുത്താൽ പത്തിൽ കൂടുതൽ ജീവനുകൾ ആണ് കേരളാ പോലീസിന്റെ ബൂട്ടിനു കീഴെ ശ്വാസം മുട്ടി ഇഞ്ചിഞ്ചായി മരിച്ചത്. പലരെയും നിസാരമായ കേസിനാണ് അറസ്റ്റ് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ക്രൂരത. ഇവർ എല്ലാം ഒന്നുകിൽ പിന്നോക്ക വിഭാഗം ആയിരുന്നു. അല്ലെങ്കിൽ പട്ടിണി പാവങ്ങൾ. കൊള്ള കൊലപാതകം പീഡനം തട്ടിപ്പ് ഇങ്ങനെ ജീവപര്യന്തം മുതൽ വധ ശിക്ഷ വരെ കിട്ടാൻ വകുപ്പുള്ള കുറ്റങ്ങൾ ചെയ്ത പണവും പിടിപാടും ഉള്ള ഒരാൾ പോലും നമ്മുടെ നാട്ടിലെ ജയിലുകളിൽ ലോക്കപ്പ് മരണത്തിനു ഇരയായിട്ടില്ല എന്നത് ഒരു നഗ്നമായ സത്യം ആണ്.

ഇവരെ എന്തിനു ഇപ്പോഴും ആദിവാസികൾ എന്ന് വിളിക്കുന്നു എന്ന് എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യമാണ്. കാടിന്റെ മക്കൾ എന്നും ഇവരെ വിളിക്കുന്നു. നമ്മൾ എല്ലാം ഒരു കാലത്ത് കാടിന്റെ മക്കൾ ആയിരുന്നു. കാട് വെട്ടിയാണ് നാം അതെല്ലാം നാടാക്കി എടുത്തത്. എന്നാൽ കുറെ പേര് കാട് വിട്ടു വരാൻ കൂട്ടാക്കുന്നില്ല. എന്നാൽ അവർ അറിയുന്നില്ല അവരുടെ പേരിൽ എന്തുമാത്രം പണമാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് വർഷാ വര്ഷം വിഴുങ്ങുന്നത് എന്ന്. കുറച്ചു കാലം മുൻപ് ഇതുവരെ കേരളത്തിലെ ആദിവാസി ഉന്നമനത്തിനു വേണ്ടി ആയിരം കോടിക്ക് മുകളിൽ ചിലവാക്കി എന്ന് കണ്ടു. എന്നാൽ ഇപ്പോഴും ആദിവാസി ഊരുകളിൽ വെള്ളം വെളിച്ചം വഴി ആശുപത്രി സ്‌കൂൾ എന്നിവ ഒന്നും ഇല്ല എന്നത് ഈ പണമൊക്കെ ആരുടെ കീശയിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കും. സംരക്ഷിക്കുക എന്ന പേരിൽ ഇവരെ നമ്മുടെ ലോകത്ത് നിന്നും ഒളിച്ചു താമസിപ്പിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. അതിനു സർക്കാരുകൾ നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ ആരായാലും ചിരിച്ചുപോകും.

ജയ് ഭീം സിനിമയെ കുറിച്ച് അധികം പറയാൻ ആഗ്രഹിക്കുന്നില്ല. അതുപോലെ അംബേക്കറിനെ കുറിച്ചും. താല്പര്യം ഇല്ലാത്തത് കൊണ്ടല്ല കാരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ ഈ കാര്യങ്ങൾ ആണ് ചർച്ച. അതിൽ പലരും വിട്ടു പോയവയാണ് ഞാൻ ഇവിടെ പ്രതിപാദിച്ചത്. എന്നിരുന്നാലും അഭിനയിച്ചതിൽ അല്ല ഇത്തരം ഒരു സിനിമ നിർമ്മിക്കാൻ സൂര്യ തയ്യറായതിനാണ് ആദ്യ കൈയ്യടി. അതുപോലെ വളരെ മികച്ച രീതിയിൽ സിനിമ ഒരുക്കിയ സംവിധായകനും ലിജോ മോളും എല്ലാം… വീണ്ടും പറയുന്നു ജയ് ഭീം നമ്മുടെ നാടിനെ നാണം കെടുത്താൻ എടുത്ത സിനിമയാണ്..അതിലെ ലോക്കപ്പ് രംഗങ്ങൾ കണ്ടു ഞാൻ ഞെട്ടില്ല…നിങ്ങൾ ഞെട്ടി എങ്കിൽ നിങ്ങൾക്ക് ഈ നാടിനെ കുറിച്ച് ഒന്നും അറിയില്ല… നന്ദി …
ബി എൻ ഷജീർ ഷാ…

Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*