ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തി dr ഷിനു ശ്യാമളാനെതിരെ കേസ് എടുക്കാൻ തൃശൂർ ജില്ല കളക്ടർ ഉത്തരവിട്ടു

കേരളത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്ത് വിട്ട വാർത്താ കുറിപ്പ് പ്രകാരം എനിക്കെതിരെ കേസ് എടുക്കാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഈ നടപടി എന്നാണ് പി ആർ ഡി പത്രക്കുറിപ്പിൽ പറയുന്നത്. ഇത് ആടിനെ പട്ടിയാക്കലാണ്. ജനങ്ങൾ മുഴുവൻ ഒന്നിച്ച് ഒരു മഹാവ്യാധിയെ ചെറുക്കുന്നതിനിടയിൽ ഉദ്യോഗസ്ഥർ അവരുടെ വീഴ്ച മറച്ചു വെക്കുന്നതിന് തെറ്റായ കാര്യങ്ങൾ ആരോപിച്ച് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നടപ്പാക്കുകയാണ്. കേരളീയർ ഏൽപ്പിച്ച വിശ്വാസത്തിന്റെ മറവിൽ ദുരധികാരം ഉപയോഗിച്ച് ആളുകൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇത് സർക്കാർ മുന്നോട്ട് വെക്കുന്ന സദുദ്ദേശ്യങ്ങളെ അട്ടിമറിക്കലാണ്. പകപോക്കാൻ വേണ്ടി അധികാരം ഉപയോഗിക്കുകയാണ്. സ്വന്തം വീഴ്ച മറച്ചു വെക്കാൻ നിരപരാധികളെ ഇരയാക്കുകയാണ്.

സത്യത്തിൽ ഞാൻ എന്താണ് ചെയ്തത്? പത്തനം തിട്ടയിൽ കൊവിഡ് 19 ബാധിച്ച് വിദേശത്തു നിന്നു വന്ന്, അത് മറച്ച് വെച്ച് നാടിനാകെ ആപത്ത് വിതയ്ക്കപ്പെട്ട ഒരു സന്ദർഭത്തിൽ, അത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ മനുഷ്യപ്പറ്റുള്ള, ജനങ്ങളോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ള ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. എന്റെ ക്ലിനിക്കിൽ വന്ന്, കൊവിഡ് 19 സംബന്ധിച്ച ചോദ്യങ്ങൾക്ക് തെറ്റായ മറുപടി നൽകിയ ഒരു വിദേശമലയാളി സംശയകരമായ സാഹചര്യത്തിൽ മുങ്ങിയ സന്ദർഭം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

ഇതാണ് നടന്ന സംഭവം: മാർച്ച് 8 തീയതി വൈകിട്ട് സ്വകാര്യ ക്ലിനിക്കിൽ നല്ല പനിയുമായി ഒരു രോഗി വന്നു. 101 °F. കൂടെയുള്ള ഭാര്യ ഫെബ്രുവരി 30 എത്തി എന്നു പറഞ്ഞു.അങ്ങനെ ഒരു തീയതി ഇല്ലലോ. അത് തെറ്റാണ് എന്നത് പോലെ അദ്ദേഹം ഖത്തറിൽ നിന്ന് ജനുവരി 30 എത്തിയെന്ന് അയാൾ തിരുത്തി. ഇതു കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ഡൽഹി, ആഗ്ര, കുളു, മനാലിയൊക്കെ വിമാന മാർഗ്ഗം സഞ്ചരിച്ചിരുന്നു.

കൊറോണ ഡൽഹി, ആഗ്രയിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിന് എയർപോർട്ടിലും വിമാനത്തിലുമെല്ലാം അയാൾ എത്ര പേരുമായി ഇടപ്പെട്ടിട്ടുണ്ടാകും? അങ്ങനെയേ അപ്പോൾ ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ചിന്തിക്കുവാൻ സാധിച്ചുള്ളൂ. അയാൾ ആരോഗ്യ വകുപ്പിനെ അറിയിച്ചോ എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ രോഗമുള്ളതോ വന്ന വിവരമോ അറിയിച്ചില്ല എന്നാണ് അറിഞ്ഞത്. അയാൾ കഴിഞ്ഞ രണ്ടു ദിവസത്തിൽ ഒരു സർക്കാർ ആശുപത്രിയിൽ പനിയ്ക്ക് ചികിത്സ തേടുകയും കുറയാതെ വന്നപ്പോൾ എൻറെയടുത്തു വരികയുമായിരുന്നു. അദ്ദേഹത്തിന്റെ അഡ്രസ്സു വാങ്ങി.വണ്ടി നമ്പർ റിസപ്ഷനിൽ നോട്ട് ചെയ്യുവാൻ ഞാൻ വിളിച്ചു പറഞ്ഞു.

ഈ ശേഖരിച്ച വിവരങ്ങളെല്ലാം തൃശൂർ DSO വൈകിട്ട് 6.34 PM വിളിച്ചു ഞാൻ കൈമാറിയിരുന്നു. തെളിവിനായി അദ്ദേഹത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും, കാൾ വിഷാദംശങ്ങളുമുണ്ട്. ഏകദേശം പത്തു മണിക്ക് ഡെപ്യൂട്ടി ഡിഎംഒ യെ വിളിച്ചും സംസാരിച്ചിരുന്നു. അദ്ദേഹം രോഗിയുടെ നമ്പർ എവിടെ? CCTV എവിടെ? എന്ന ഞെട്ടിക്കുന്ന ചോദ്യങ്ങൾ തിരിച്ചു ചോദിച്ചു. അപ്പോൾ ഞാൻ ഒരു രോഗിയെ കണ്ടെത്താൻ അദ്ദേഹത്തിന്റെ അഡ്രസ്സും, വണ്ടി നമ്പറും പോരെ എന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം ഒകെ എന്നാൽ പോലീസിനെ ഇപ്പോൾ തന്നെ വിട്ട് അയാളെ കണ്ടെത്താം എന്ന മറുപടി കിട്ടി.

പിറ്റേന്ന് 9 മണിക്ക് വീണ്ടും ഞാൻ DSO വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അപ്പോൾ അദേഹം പറഞ്ഞത് ഫീൽഡ് സ്റ്റാഫിനെ അറിയിച്ചു, എയർപോർട്ടിൽ ഇമിഗ്രേഷൻ അറിയിച്ചിട്ടുണ്ട് ,ഇനിയധവ അയാൾ എയർപോർട്ടിൽ എത്തിയാൽ അവിടെ പിടിക്കാം എന്നോക്ക എന്നോട് പറഞ്ഞു.

മാര്ച്ച് 9 ഇതേ വിവരങ്ങൾ ഡി.എം ഒ. യുടെ വാട്സാപ്പിലും ഞാൻ അയച്ചിരുന്നു. വിളിച്ചും പറഞ്ഞിരുന്നു.

ഇതൊക്കെ കേട്ട് വിശ്വസിച്ചു ഞാൻ അവിടെ ഇരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ ഉപദേശം മാനിച്ചു ഞാൻ എന്റെ വഴിക്ക് അന്വേഷണം നടത്തിയപ്പോൾ അയാൾ ഖത്തറിലേക്ക് മാര്ച്ച് 9 തീയതി രാവിലെ പോയി എന്നു അറിഞ്ഞു. വിലപ്പെട്ട 15 മണിക്കൂർ കിട്ടിയിട്ടും അയാളുടെ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല? അറിയിക്കേണ്ടവരെ ഞാൻ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഖത്തറിൽ പോയി.

പോകുന്നതിന് മുൻപ് അദ്ദേഹത്തിനെ ടെസ്റ്റ് ചെയ്ത ഉറപ്പ് വരുത്തണം എന്നത് മാത്രമേ വേണ്ടിയിരുന്നുള്ളൂ.

ഇതാണ് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട സംഭവങ്ങൾ:

മുകളിൽ പറഞ്ഞതാണ് നിർണായകമായ സമയത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതികരണം:

ഇനി നിങ്ങൾ പറയൂ…ഇത് പോലൊരു അവസ്ഥയിൽ ഞാൻ എന്ത് ചെയ്യണം. ആരോടും മിണ്ടാതെ ഇക്കാര്യങ്ങൾ ഒളിച്ചു വെക്കണോ? മറ്റൊരു പത്തനം തിട്ട സംഭവം ഉണ്ടാവട്ടെ എന്ന് കരുതി നിശ്ശബ്ദയായിരിക്കണോ? എന്റെ തൊഴിൽ സാധ്യതകൾ അടക്കംമുൻ കൂട്ടിക്കണ്ട് എനിക്ക് നൂറു ശതമാനം ബോധ്യമായ ഒരു കാര്യം‌ മറച്ച് വെച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ മിണ്ടാതിരിക്കണോ?

ഉറപ്പാണ് അങ്ങനെ ചെയ്തെങ്കിൽ ഞാനിതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആരും എനിക്കെതിരെ തെറി വിളിക്കില്ലായിരുന്നു. സ്വകാര്യ ക്ലിനിക്കിലെ എന്റെ ജോലി പോവില്ലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ പകയ്ക്ക് ഇരയാവില്ലായിരുന്നു. ഇത് പോലൊരു കേസിനു മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരില്ലായിരുന്നു.

പക്ഷേ ഞാനത് ചെയ്തില്ല. എനിക്ക് പ്രധാനം എന്റെ സഹജീവികളായ മനുഷ്യരായിരുന്നു. അവരുടെ ആരോഗ്യം ആയിരുന്നു. ഇത് പോലൊരു ദുരന്തത്തിനെതിരെ ഒന്നിച്ച് നിൽക്കാനുള്ള നമ്മുടെ ജനതയുടെ ശ്രമങ്ങൾ ആയിരുന്നു. എല്ലാ നിലയ്ക്കും ഈ അവസ്ഥയെ മറികടക്കാനുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും‌ സർക്കാറിന്റെയും ശ്രമങ്ങളായിരുന്നു.‌ അതാണ് സത്യം തുറന്നു പറയാനും, സത്യസന്ധമായി ഇടപെടുന്ന സർക്കാറിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകൾ തുറന്നു കാണിക്കാനും ഞാൻ തയ്യാറായത്. എനിക്ക് വേണ്ടി ആയിരുന്നില്ല അത്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു. എന്റെ സഹജീവികളുടെ നന്മയ്ക്ക് വേണ്ടി ആയിരുന്നു.‌

നമ്മുടെ ജനങ്ങളേക്കാൾ, അവരുടെ ആരോഗ്യത്തേക്കാൾ, സമൂഹത്തേക്കാൾ, സർക്കാറിന്റെ നന്മ നിറഞ്ഞ ശ്രമങ്ങളേക്കാൾ വലുതായിരുന്നില്ല എനിക്കീ ഉദ്യോഗ്സ്ഥർ. അവർ ഉയർത്തിയേക്കാവുന്ന ഭീഷണികൾ.

അതിനാലാണ് ഞാൻ ഫേസ് ബുക്കിലൂടെ എല്ലാം അറിയിച്ചത്. ഇത്ര കാലവും എന്നെ അറിയുന്ന എന്നെ പിന്തുണക്കുന്ന നിങ്ങളോരോരുത്തരിലുമുള്ള വിശ്വാസം കൊണ്ടാണ്, നീതി ഉണ്ടാവുമെന്ന വിശ്വാസത്താലാണ് ഞാനത് ചെയ്തത്. അതറിഞ്ഞ് എന്റെ അടുത്ത് വന്ന മാധ്യമങ്ങളോട് ഞാനക്കാര്യം പങ്കു വെച്ചത്.

അത് എത്തേണ്ടിടത്ത് എത്തിയതിനാലാണ് ഇത് വരെ നിസ്സംഗതയും കുറ്റകരമായ അനാസ്ഥയും കാണിച്ച ഉദ്യോഗസ്ഥർക്ക് മാറ്റി പറയേണ്ടി വന്നത്. എന്നെ പിരിച്ചു വിട്ട ആശുപത്രി മുതലാളിക്ക് അക്കാര്യം മറച്ചു വെച്ച് പ്രതികരിക്കേണ്ടി വന്നത്.

അതിനാലാണ് ഞാനിപ്പോൾ വേട്ടയാടപ്പെടുന്നതും. അതിനാലാണ് കേസിൽ കുടുക്കുമെന്ന ഭീഷണി ഉണ്ടായത്. ഉദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഇതെല്ലാം. വേണ്ട സമയത്ത് ഒന്നും ചെയ്യാത്ത അവരുടെ അനാസ്ഥ മറച്ച് വെക്കാനാണ്, കാര്യക്ഷമമായി ഈ അവസ്ഥ മറി കടക്കാൻ ശ്രമിക്കുന്ന ആരോഗ്യ മന്ത്രി അടക്കമുള്ളവരെ മറയാക്കി ഈ പ്രതികാര നടപടി.

ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ആരെയും ഭയക്കാതെ പൊതു നന്മ മാത്രം ലക്ഷ്യമാക്കി ഞാൻ ചെയ്തത്. അതിനാണ് ഈ പീഡനങ്ങൾ.‌ എല്ലാ സാധാരണക്കാരെയുംപോലെ അധികാരത്തിന്റെ അഹന്തയ്ക്ക് മുന്നിൽഞാനും നിസ്സഹായയാണ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇവരെ നേരിടുക എളുപ്പമല്ല.

അതിനാൽ കൂട്ടുകാരേ, ഈ അധികാര ദുർവിനിയോഗത്തിന്റെ, അഹന്തയുടെ വൈറസുകൾക്കെതിരെ നിങ്ങളും ഒപ്പം നിൽക്കണം. എല്ലാവരുടെയും പിന്തുണ ഞാൻ ഈ സാഹചര്യത്തിൽ തേടുകയാണ്.

എനിക്ക് നീതി ലഭിക്കണം.

ഡോ. ഷിനു ശ്യാമളൻ

Be the first to comment

Leave a Reply

Your email address will not be published.


*